കാലവും കൊനോമയും...

by Vipin C Vijayan February. 27, 2018 1410 views

"കോഹിമയിലേക്ക് ഇനി വണ്ടി അടുത്ത ദിവസം അതിരാവിലെയെ ഉള്ളു."

ആറര മണിക്കൂർ വൈകിയോടി താംബരം - ദിബ്രുഗഡ് എക്സ്പ്രസ്സ് ഒടുവിൽ ദിമാപൂർ എത്തിയപ്പോൾ സമയം കൃത്യം അഞ്ചു മണി. നാട്ടിലെ ഏഴുമണിയുടെ ഇരുട്ടും...

യാത്ര തിരിച്ച അന്നു മുതൽ, ആസൂത്രണം ചെയ്യ്ത സമയ-രേഖയിൽ നിന്ന് മണിക്കൂറുകളുടെ അകലം പ്രാപിച്ച്‌ സാക്ഷാത്ക്കാരം നേടിക്കൊണ്ടിരുന്ന യാത്രയായതിനാൽ, രണ്ടാം ദിവസം സന്ധ്യയായപ്പോഴേക്കും ഇറങ്ങി തിരിച്ച യാത്രയുടെ സ്വഭാവുമായ് ഞാൻ പൂർണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു... (അതങ്ങനെയായാലല്ലേ പറ്റൂ) അതുകൊണ്ട് തന്നെയാണ് ആ രാത്രി ദിമാപൂരിൽ താങ്ങാമെന്നും, അടുത്ത ദിവസം ആദ്യ ബസ്സിന്‌ കോഹിമക്ക് ടിക്കറ്റ് എടുക്കാമെന്നും കണക്കുകൂട്ടി, എൻ. എസ്. റ്റി -യുടെ (നാഗാലാ‌ൻഡ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്) ലോഡ്ജിൽ മുറിയെടുത്തത്.

ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ എത്തേണ്ട ട്രെയിൻ മണിക്കൂറുകൾ വൈകിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് എന്‍റെ ലക്ഷ്യസ്ഥാനമായ കൊനോമയെക്കുറിച്ച് വായിക്കാൻ ഇടയായതും, അവിടത്തെ ഒരു മുതിർന്ന ഗ്രാമീണനായ ഖത്തെയുടെ നമ്പർ സംഘടിപ്പിക്കുന്നതും... അന്ന് രാത്രി തന്നെ ഞാൻ ഖത്തെയെ വിളിച്ചു. എന്‍റെ അവിടത്തെ ഒരേയൊരു ആവശ്യമായിരുന്നു ഹോംസ്റ്റേ അദ്ദേഹം ശരിയാക്കിത്തരികയും ചെയ്തു.

ഒന്ന് ഫ്രഷായ ശേഷം ഇരുട്ടിലാണ്ടിരുന്ന ദിമാപൂർ നഗരത്തിലെ പുതുവഴികൾ തേടി ഞാൻ ഇറങ്ങി... യാത്ര ചെയ്തിരുന്ന ട്രെയ്നിലെ യാത്രക്കാർ പറഞ്ഞതടക്കം, ദിമാപൂരിനെ കുറിച്ചും, നാഗാലാ‌ൻഡിനേക്കുറിച്ചും കേട്ടതെല്ലാം ഉള്ളിൽ ഭീതി ഉളവാക്കുന്ന വിധമുള്ള കാര്യങ്ങളായിരുന്നു... അതിനാൽ തന്നെ എന്‍റെ ഏകാന്ത സഞ്ചാരങ്ങളുടെ ഉദ്ദിഷ്ഠ-സ്ഥാനമായ് സ്ഥാപിക്കാൻ ഞാൻ മടിച്ച അനേകം സ്ഥലങ്ങളിൽ ഒന്ന്...

പക്ഷേ ദിമാപൂരിന്‍റെ ഇരുള്ളിനപ്പുറം, ജപ്ഫു മലനിരകളുടെ പശ്ചാത്തലത്തിൽ നിലയുറപ്പിച്ച് കോഹിമയുണ്ട്... മരിക്കാത്ത ഓർമ്മകളുടെ പച്ചപ്പുമായ് നിലക്കൊള്ളുന്ന കൊനോമയുണ്ട്... പ്രകൃതിയുടെ മടിത്തട്ടായ്‌ നിലനിൽക്കുന്ന സുക്കൂ താഴ്‌വാരമുണ്ട്...

യഥാർത്ഥ നാഗാലാ‌ൻഡിലേക്കുള്ള കവാടം എന്നതിന് പുറമെ, ദിമാപൂരിന് മറ്റു ചില സവിശേഷതകൾ കൂടിയുണ്ട്; തലസ്ഥാനം കോഹിമയാണെങ്കിലും, നാഗാലാ‌ൻഡിലെ ഏറ്റവും വലിയ പട്ടണവും, സംസ്ഥാനത്തെ ഏക എയർപോർട്ടും, റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നതും ദിമാപൂരിലാണ്... ഈ കാരണങ്ങൾ കൊണ്ടുതന്നെ ദിമാപൂർ നാഗാലാ‌ൻഡിന്‍റെ ആസ്ഥാന പട്ടണവുമാകുന്നു...

യാത്രയുടെ മൂന്നാം ദിവസമായെങ്കിലും, ഞാൻ നിശ്ചയിച്ച സമയ-രേഖയും, യാത്രയുടെ സാക്ഷാത്ക്കാരവും കലഹത്തിൽ തന്നെയായിരുന്നു; അഞ്ചരയ്ക്കു പോകേണ്ട ബസ്സ് ഒടുവിൽ പോയപ്പോൾ ആറര കഴിഞ്ഞു...

എൻ. എസ്. റ്റി ബസ് സ്റ്റാന്‍ഡ്, ദിമാപുര്‍

എൻ. എസ്. റ്റി ബസ് സ്റ്റാന്‍ഡ്, ദിമാപുര്‍

ദിമാപൂര്‍-കൊഹിമ റോഡിലെ എൻ. എസ്. റ്റി-യുടെ മിഡ് സ്റ്റോപ്പേജ്...

ദിമാപൂര്‍-കൊഹിമ റോഡിലെ എൻ. എസ്. റ്റി-യുടെ മിഡ് സ്റ്റോപ്പേജ്...

നാഗാലാ‌ൻഡിന്‍റെ തലസ്ഥാനമായ കോഹിമയിൽ നിന്ന് ഇരുപത് കിലോമീറ്റർ പാടിഞ്ഞാറാണ് ഇന്ത്യയിലെ ആദ്യ ഹരിത ഗ്രാമമായ കൊനോമ സ്ഥിതി ചെയ്യുന്നത്.

പടിഞ്ഞാറൻ അൻഗാമി ഗ്രാമമായ കൊനോമയിലേക്ക് നിത്യ പൊതുയാത്രാ മാർഗ്ഗമായ് സർവീസ് നടത്തുന്നത് എൻ. എസ്. റ്റി -യുടെ (നാഗാലാ‌ൻഡ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്) ഒരു ബസ്സും, പിന്നെയൊരു പ്രൈവറ്റ് ബസ്സും മാത്രമാണ്. അതും ദിവസേന ഒരേയൊരു ട്രിപ്പ്; (രണ്ട് ചാൽ) അതിരാവിലെ കോഹിമയിലേക്കും, ഉച്ചക്ക് ശേഷം തിരിച്ച് കൊനോമയിലേക്കും... ആകെയുള്ള ബസ് സർവീസുകളായതിനാൽ ഇരു ബസ്സുകളിലെയും നിത്യ യാത്രികർ കൊനോമയിലെ ഗ്രാമീണർ തന്നെയാണ്.

കൊനോമ...

കൊനോമ...

മിക്കവാറും ദിവസങ്ങളിൽ സമയത്ത് തന്നെയോടുന്ന എൻ. എസ്. റ്റി ബസ്സ് അന്ന് മണിക്കൂറുകൾ വൈകിയാണ് സ്റ്റാൻഡിൽ എത്തിയത്. ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞത്, കോഹിമയിലെ ട്രാഫിക്ക് കാരണമാണ് ബസ്സ് വൈകിയത് എന്നാണ്. പക്ഷെ എനിക്കറിയാമായിരുന്നു; കാതങ്ങൾ താണ്ടിയിട്ടും എന്‍റെ യാത്രാവിധി മാറ്റിയെഴുതപ്പെട്ടിട്ടില്ലായെന്ന്...

കോഹിമ - ദിമാപൂർ റോഡിലൂടെ അൽപ്പം ഓടിയ ശേഷം ബസ് പെട്ടന്നാണ് വലത് വശത്തൂടെയുള്ള ചെറു റോഡിലേക്ക് കേറിയത്. ജോട്ട്സോമ എന്ന ഒരു ചെറുഗ്രാമം പിന്നിടുന്നത് വരെ, പൊട്ടിപ്പൊളിഞ്ഞാണെങ്കിലും റോഡുണ്ടായിരുന്നു... ശേഷം കൊനോമ വരെ മൺപാതയാണ്, അതിനപ്പുറത്തേക്കും...

ബി.ആർ.ഓ (ബോർഡർ റോഡ് ഓർഗനൈസേഷൻ) യുടെ റോഡ് പണി തുടങ്ങിയിട്ട് കാലം കുറെയായെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു.

സന്ധ്യ വിഴുങ്ങിക്കൊണ്ടിരുന്ന മൺപാതയിലൂടെ ആവുന്നത്ര പൊടി പറത്തിയാണ് ഡ്രൈവർ പൊയ്‌ക്കൊണ്ടിരുന്നത്. ഭൂരിഭാഗം യാത്രക്കാരും മയക്കത്തിലായിരുന്നു. ക്ഷീണം ഉറങ്ങാൻ പ്രേരിപ്പിച്ചുക്കൊണ്ടിരുന്നെങ്കിലും, കൊനോമയെക്കുറിച്ച്‌ കേട്ടും വായിച്ചും അറിഞ്ഞ സവിശേഷതകൾ കണ്ണുകൾ അടയ്ക്കാൻ എന്നെ അനുവദിച്ചില്ല..;

അസ്സാമിൽ നിന്ന് മണിപൂർക്ക് നേരിട്ടൊരു പാത കണ്ടെത്തിക്കൊണ്ടിരുന്ന സമയത്താണ് ബ്രിട്ടീഷ് സൈന്യം നാഗാ മലനിരകൾ കൈക്കലാക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങൾ നടത്തുന്നത്. ഘട്ടം ഘട്ടമായ് നടന്ന ഈ കൈയ്യേറ്റത്തിനെതിരെ പോരാട്ട ഗോത്ര വർഗ്ഗമായ അൻഗാമി നാഗകൾ എല്ലായ്പ്പോഴും ചെറുത്തു നിന്നു. 1879 ഒക്ടോബർ നാലിന് കൊനോമയിലേക്ക് തിരിച്ച ജി.എച് ഡാമെന്‍റ് എന്ന ഒരു ബ്രിട്ടീഷ് ഭരണകൂട പ്രതിനിധിയും അദ്ദേഹത്തിന്‍റെ സൈന്യത്തിലെ മുപ്പത്തഞ്ച് പേരും വെടിയേറ്റ് മരിച്ചു. യുദ്ധത്തിന്‍റെ അവസാനം ബ്രിട്ടീഷ് ഭരണകൂടം നാഗന്മാരുമായ് ഒരു സമാധാന കരാറിൽ ഒപ്പുവച്ചു. അതിലെ വ്യവസ്ഥകൾ ലംഘിച്ച ബ്രിട്ടീഷ് സൈന്യം കൊനോമയുൾപ്പെടെ നാഗ മലനിരകളെല്ലാം വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ കൈക്കലാക്കി.

യുദ്ധത്തിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക്..; ശത്രുക്കളായിരുന്ന ബ്രിട്ടീഷ് ഓഫീസർമാരുടേതടക്കം ഓർമ്മക്കായ് കൊനോമയിൽ അങ്ങിങ്ങായ് സ്മാരകങ്ങൾ പൊങ്ങി. നാഗാലാ‌ൻഡിനെ ഇന്ത്യയിൽ നിന്ന് മോച്ചിപ്പിക്കുന്നതിനായ് പോരാടിയ നാൽപ്പത്താറു ഒളിപ്പോരാളികൾക്കായ് തീർത്തിട്ടുള്ളൊരു രക്തസാക്ഷി മണ്ഡപമുണ്ട് കൊനോമയുടെ ഹൃദയ ഭാഗത്ത് താന്നെയായ്...

രക്തസാക്ഷികൾ...

രക്തസാക്ഷികൾ...

വീടിനോട് ചേർന്ന് തന്നെ പ്രീയപ്പെട്ടവർക്കുള്ള ശവക്കല്ലറകൾ തീർക്കുന്ന ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വിപുലീകരണം തന്നെയാണ് ഈ ഉയർന്ന സ്മാരക ശിലകളും; ഓർമകൾക്ക് മരണം നൽകാതെ അവ മാനത്തേക്കെന്നോണം ഉയർന്ന് നിൽക്കുന്നു...

നാഗാ ഗോത്ര വിഭാഗത്തിന്‍റെ ഒരു ജീവിതരീതി തന്നെയാണ് വേട്ടയാടൽ... അതിന്‍റെ ഏറ്റവും വലിയ തെളിവായ് കാണാൻ കഴിയുക ഗ്രാമങ്ങളിലെ വീടുകളുടെ മുൻവാതിലിന് മുകളിലും, മുറ്റത്തെ മരത്തടികളിലും തൂക്കിയിട്ടിരിക്കുന്ന പണ്ട് വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ തലയോട്ടികളും, കൊമ്പുകളുമാണ്... കീഴ്പ്പെടുത്തിയ ശത്രുവിന്‍റെ തലയറത്തുക്കൊണ്ടുവരുന്ന (ഹെഡ് ഹൺട്ടേർസ്) പാരമ്പര്യം നാഗന്മാരുടേതായിരുന്നല്ലോ...

യുദ്ധാനന്തരം, യുദ്ധത്തിൽ നിന്നാർജിച്ച വീര്യവും, ബ്രിട്ടീഷ് സൈന്യം ഉപേക്ഷിച്ചിട്ട് പോയ ആധുനിക തോക്കുകളും അവരുടെ നായാട്ടിന് പുത്തൻ ഉണർവ് നൽകി. അതിന്‍റെ അനന്തര ഫലമെന്നോണം പല കാട്ടു ജന്തുക്കളും വംശനാശ ഭീക്ഷണി നേരിട്ട് തുടങ്ങിയിരുന്നു... എല്ലാ തരം ജീവ ജന്തുക്കളേയും ഭക്ഷിക്കുന്ന നാഗന്മാരുടെ ഭക്ഷ്യ ശൈലി, ഒരു വിഭാഗം വന്യമൃഗത്തെ പോലും ഭീക്ഷണിയിൽ നിന്ന് അവശേഷിപ്പിച്ചില്ല..; (മേഘാലയ, നാഗാലാ‌ൻഡ് ഉൾവനങ്ങളിൽ പോലും കാട്ടു ജന്തുക്കളെ കാണാൻ കഴിയാത്തതിന്‍റെ കാരണവും ഇതുതന്നെ) നാഗാലാ‌ൻഡിന്‍റെ സംസ്ഥാന പക്ഷിയായ ട്രാഗോപാൻ വരെ വംശനാശ ഭീക്ഷണി നേരിട്ട് തുടങ്ങിയിരുന്നു...

തൊണ്ണൂറുകളുടെ തുടക്കത്തിൽ വർദ്ധിച്ചു വരുന്നതായ് ബോധ്യപ്പെട്ട വന-നശീകരണവും, ട്രാഗോപാൻ വേട്ടയും ഗ്രാമത്തിലെ പ്രകൃതി സ്നേഹികളായ ചില മുതിർന്നവരെക്കൊണ്ട് ഒരുമിച്ചൊരു തീരുമാനം എടുക്കുന്നതിന് പ്രേരിപ്പിച്ചു; "മരം മുറിക്കലും, വേട്ടയാടലും നാം എന്നന്നേക്കുമായ് ഉപേക്ഷിക്കുന്നു..."

അവരുടെ സംസ്ക്കാരത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്ന വേട്ടയാടൽ പൂർണ്ണമായും നിർത്തിവയ്ക്കുന്നതുമായ് ബന്ധപ്പെട്ടായിരുന്നു ആശങ്കകളേറെയും...

പക്ഷേ കൊനോമ സംരക്ഷണ സമിതിയെ നയിച്ചുക്കൊണ്ടിരുന്ന സിലെ സാഖിറിക്ക് ഒരു തരത്തിലുമുള്ള ആശങ്കകളുമുണ്ടായിരുന്നില്ല; "നാഗകൾ ചലിച്ചുക്കൊണ്ടിരിക്കുന്ന എന്തിനേയും കഴിക്കും ! ഒരു കിളിയെയോ മൃഗത്തെയോ കാണുന്ന ഒരു നാഗയുടെ ആദ്യത്തെ ചിന്ത അതെത്രമാത്രം രുചികരമായിരിക്കും എന്നതാണ്. എനിക്കാ കാഴ്ച്ചപ്പാട് മാറ്റണം ! ആ ജീവജാലം എത്രമാത്രം മനോഹരമാണ്.., എന്നതായ് മാറണം അവരുടെ ചിന്ത !"

1998-ൽ കൊനോമ ഗ്രാമത്തിന്‍റെ ഉപദേശക സമിതി, വനത്തിന്‍റെ 20 ചതുരശ്ര കിലോമീറ്റർ പ്രദേശം "കൊനോമ കൺസർവേഷൻ ആൻഡ് ട്രാഗോപാൻ സാൻട്യൂറി" (കെ. എൻ. സി. ടി. സ്) യായ് പ്രഖ്യാപിച്ചു. കെ. എൻ. സി. ടി. എസിൽ കൂടാതെ, ഗ്രാമത്തിലെ നൂറ്റിയിരുപ്പ ത്തഞ്ച് ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുത്തി വേട്ടയാടൽ പൂർണ്ണമായും നിരോധിച്ചു.

നാഗന്മാർക്കത് സ്വന്തം ഉള്ളിലെ ശത്രുവുമായുള്ള കലഹമായിരുന്നു... അതിൽ അവർ വിജയ്ക്കുകയും ചെയ്തു; 2005 ഒക്ടോബർ ഇരുപ്പത്തിയഞ്ചിന് കൊനോമ ഇന്ത്യയിലെ തന്നെ ആദ്യ ഹരിത ഗ്രാമമായ് തീർന്നു.

ഇന്ത്യൻ ടൂറിസം മന്ത്രാലയവും, നാഗാലാൻഡ് ടൂറിസം ഡിപാർട്ട്മെന്റും ചേർന്ന് രൂപീകരിച്ച "ഹരിത ഗ്രാമം" പദ്ധതിയുടെ ഭാഗമായതിന് ശേഷം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ മുഴുവൻ മാതൃകയായ് തീരുകയും ചെയ്തു കൊനോമ.

മലഞ്ചെരുവുകളിൽ തട്ടുകളിലായ് ചെയ്യുന്ന നെൽ കൃഷിയും, ജൂം (ഓണം) കൃഷിയുമാണ് കൊനോമായിലെ മറ്റൊരു സവിശേഷത.

ലോകത്തിന്‍റെ പല കോണിലായുള്ള കൊനോമക്കാർ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് കൊനോമയിലേക്കെത്തും. അന്നാണ് കൊനോമ ഗ്രാമത്തിന്‍റെ പിറന്നാൾ...

മൺപാതയിലൂടെ പൊടി പടർത്തി ബസ്സ് ചെന്ന് നിന്നത് കൊനോമ ബാപ്റ്റിസ്റ്റ് പള്ളിയ്ക്ക് മുന്നിലാണ്. അതാണ് ബസ്സിന്‍റെ സ്ഥിരം പാർക്കിംഗ് സ്പോട്ട്. കോഹിമ വിട്ട ശേഷം ബസ്സ് നിർത്തുന്നതും ഇവിടെ തന്നെ. ബസ്സ് ഡ്രൈവറും കൊനോമക്കാരൻ തന്നെ.

എന്നെ കാത്ത് ഖത്തെ പറഞ്ഞേൽപ്പിച്ച ഹോംസ്റ്റേയുടെ ഉടമസ്ഥനും അയാളുടെ മകനും ബസ് നിർത്തിയിരുന്നിടത്ത് തന്നെയുണ്ടായിരുന്നു. പരിചയപ്പെടലുകൾക്ക്‌ ശേഷം അവരുടെ കാറിൽ തന്നെ ഹോംസ്റ്റേയിലെത്തി.

കൊനോമ ഗ്രാമത്തിൽ നിന്ന് കാട് കയറിയാൽ എത്തുന്ന സുക്കൂ താഴ്‌വരയുടെ ഭാഗത്തെ (പടിഞ്ഞാറൻ സുക്കൂ)പറ്റി ചർച്ച ചെയ്തുകൊണ്ടാണ് അത്താഴം കഴിച്ചത്. ഹോംസ്റ്റേ ഉടമസ്ഥന്‍റെ മകൻ തേജ, സഹചാരിയായ് കൂടെ കാട് കേറാമെന്നേറ്റു...

അപ്രതീക്ഷിതമായ് പെയ്ത മഴ, ഉണ്ടായിരുന്ന തണുപ്പും വർധിപ്പിച്ച സാഹചര്യത്തിൽ, രണ്ട് കട്ടി-കമ്പിളി പുതപ്പും വാരി പുതച്ച്‌, ഫോട്ടോഗ്രാഫുകളിൽ മാത്രം കണ്ടിട്ടുള്ള സുക്കൂ താഴ്‌വരയുടെ മനോഹാരിതയും സ്വപ്നം കണ്ടാണ് ആ രാത്രി ഉറങ്ങിയത്.

Join the conversation
0
Be the first one to comment on this post!
Up
Copyright @Photoblog.com