ലിവിങ്ങ് റൂട്ട് ബ്രിഡ്ജ് - Nongriat

by Vipin C Vijayan April. 26, 2020 905 views
"In the depths of Northeastern India, in one of the wettest places on earth, bridges aren't built-they're grown."

ഴക്കാലം തുടങ്ങിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശത്തെ ജീവിതത്തിന് നേര്‍ക്കുള്ള വെല്ലുവിളികളും ഉയരും..; അല്ലെങ്കില്‍ ശാന്തമായ് ഒഴുകുന്ന നീര്‍ച്ചാലുകള്‍ തീവ്രതയാര്‍ജിച്ച് രോക്ഷാകുലമായ് ഒഴുകാന്‍ തുടങ്ങും... അതുവരെ നടന്ന് മുറിച്ചു കടക്കുവാന്‍ സാധിക്കുമായിരുന്ന പല പുഴകളും ഈ ജല പ്രവാഹം മൂലം, അവയിലൂടെയുള്ള അക്കരെ കടക്കല്‍ ദുഷ്ക്കരവും അസാദ്ധ്യവുമാക്കി തീര്‍ക്കും.

ഈ മഴക്കാല ഘട്ടത്തെ പുഴ മുറിച്ചുക്കടക്കല്‍ സാധ്യമാക്കാന്‍ ഖാസി ഗോത്ര വര്‍ഗ്ഗക്കാര്‍ മുളക്കൊണ്ടുള്ള പാലങ്ങളാണ് അവയ്ക്ക് കുറുകെ പണ്ട് പണിതുയര്‍ത്തിയിരുന്നത്... പക്ഷേ അവയുടെ ഘടനയ്ക്ക് ഒഴുക്കിന്‍റെ ആഘാതത്തെ പ്രതിരോധിക്കുന്നതില്‍ പരിമിതകളുണ്ടായിരുന്നു; ചീഞ്ഞ് നശിക്കുമായിരുന്ന അത്തരം പാലങ്ങളുടെ നിലനില്‍പ്പ്‌ ചുരുങ്ങിയ ചില നാളുകള്‍ മാത്രമായിരുന്നു. ഇതുമൂലം ഗ്രാമീണര്‍ക്ക് പുറം നാടുമായുള്ള ബന്ധം അത്തരം സാഹചര്യങ്ങളില്‍ നഷ്ടപ്പെട്ട് പോന്നു...

നൂറ്റിയെണ്‍മ്പത് വര്‍ഷം മുന്‍പ്‌, വാര്‍-ഖാസി ഗോത്രത്തിലെ മുതിര്‍ന്നവര്‍ തന്നെ ഇതിനൊരു വേറിട്ട പ്രതിവിധിയും കണ്ടെത്തി; റബ്ബറിന്‍റെ (Ficus Elastica) വേരുകളെ അടയ്ക്കാ മരത്തിന്‍റെ പൊത്തിനുള്ളിലൂടെ കടത്തിവിട്ട്, വര്‍ഷങ്ങളോളമുള്ള ക്ഷമ കലര്‍ന്ന പരിപാലനത്തിനൊടുവില്‍ മറുകരയിലെത്തിക്കുന്നു; ശേഷം അവയെ മണിലേക്ക് വീണ്ടും വേരുപിടിപ്പിക്കുന്നു... പിന്നെയും വര്‍ഷങ്ങളെടുത്ത്, പടര്‍ന്ന് ഒരു പാലമായ് രൂപം പ്രാപിക്കുന്ന വേരുകള്‍ക്കിടയിലെ വിടവ്, മരകഷണങ്ങളും, കല്ലുകളും കൊണ്ട് അടക്കുന്നു. പതിനഞ്ച് തൊട്ട് മുപ്പതോ, അതില്‍ കൂടുതലോ മീറ്റര്‍ നീളമുള്ള ഇവയ്ക്ക് അമ്പതോളം ആളുകളെ ഒരേസമയം താങ്ങാനാകും...

പതിനഞ്ചും ഇരുപതും വര്‍ഷങ്ങളെടുത്ത് പാലമായ് രൂപാന്തരം പ്രാപിച്ച ഈ വേരുകളെ, അവ ബലമാര്‍ജിച്ച് വളര്‍ന്നുക്കൊണ്ടേയിരിക്കുന്നതിനാല്‍, 'ലിവിങ്ങ് റൂട്ട് ബ്രിഡ്ജ്' (Living Root Bridge) എന്ന് വിശേഷിപ്പിക്കുന്നു.

ജീവിത കാലയളവ് അസ്ഥിരമായ ഇവ, സാമാന്യ സാഹചര്യങ്ങളില്‍ നൂറും, അതില്‍ കൂടുതല്‍ വര്‍ഷങ്ങളും നിലനില്‍ക്കുന്നതായ് പറയപ്പെടുന്നു. വേരുകള്‍ ഉടലെടുത്തിരിക്കുന്ന മരത്തിന്‍റെ നിലനില്‍പ്പുമായാണ് ഇവയുടെ നിലനില്‍പ്പും വലിയൊരളവ് വരെ ബന്ധപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളായ് ആളുകളെ പുഴ കടക്കുന്നതില്‍ സഹായിച്ച് നിലകൊള്ളുന്ന പ്രാചീന പാലങ്ങള്‍ പലതുണ്ട് മഴക്ക് പേരുകേട്ട മണ്ണില്‍.വേരുപാലങ്ങള്‍ സവിശേഷതകളുമായ് നിലകൊള്ളുമ്പോള്‍, സവിശേഷതയ്ക്ക് മേലെ സവിശേഷതയുമായ് നിലകൊള്ളുകയാണ് നോങ്ങ്രിയാത്ത് ഗ്രാമത്തിലുള്ള, ഇവയില്‍ ഏറ്റവും പ്രസിദ്ധമായ "Double Decker Living Root Bridge."

ചിറാപുഞ്ചി ട്ടൌണിന്ന് പത്ത് കിലോമീറ്റര്‍ തെക്ക് സ്ഥിതിചെയ്യുന്ന, നൂറ്റിയെണ്‍മ്പത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ വിസ്മയത്തിലേക്കെത്തിപ്പെടാനുള്ള ഏകമാര്‍ഗ്ഗം; ടിര്‍ണ എന്ന ഗ്രാമത്തില്‍ വാഹന മാര്‍ഗ്ഗമെത്തി, അവിടെ നിന്നും മൂവായിരത്തില്‍ കൂടുതല്‍ പടികള്‍ കയറിയിറങ്ങി മൂന്ന് കിലോമീറ്ററോളം നടന്ന് നോങ്ങ്രിയാത്തില്‍ എത്തുക എന്നത് മാത്രമാണ് !

നടത്തം തുടങ്ങി ഒരഞ്ച് മിനിറ്റ്‌ കഴിയുമ്പോഴേക്കും ടിര്‍ണ ഗ്രാമം പിന്നിലായ് കഴിഞ്ഞിട്ടുണ്ടാകും... ആയിരം പടികളോളമിറങ്ങി കഴിഞ്ഞാല്‍ നോങ്ങ്ത്തിമൈ എന്ന ഒരു ചെറു ഗ്രാമത്തിലായിരിക്കും എത്തിപ്പെടുക. അവിടെ നിന്നും വലത്തോട്ടുള്ള വഴിയെ പോയാല്‍ റിറ്റിമ്മെന്‍ റൂട്ട് ബ്രിഡ്ജ് എത്തും. മുപ്പത് മീറ്ററോളം (100 ft) നീളമുള്ള ഈ വേരു പാലമാണ് ഏറ്റവും നീളം കൂടിയത്. നോങ്ങ്രിയാത്തിലേക്ക് ഇടത്തോട്ടുള്ള വഴിയാണ്.

നോങ്ങ്ത്തിമൈ ഗ്രാമം പിന്നിലാക്കി പടികളിറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇടതുവശത്തായൊരു ചാപ്പല്‍ കാണാം. അതും പിന്നിട്ട് ഒരല്‍പ്പം ദൂരം നടന്ന് കഴിയുമ്പോള്‍, ഇടത് വശത്ത്‌, നടപ്പാതയില്‍ നിന്നും കുറച്ചകലെയായുള്ള ഒരു സിമിത്തേരി കാണാം.

നാട്ടിലെ പള്ളി സിമിത്തേരികള്‍ കണ്ടുശീലിച്ച കണ്ണുകള്‍ക്ക്, ഈ സിമിത്തേരി വിചിത്രമായ് തോന്നും. കാരണം; മലയോര പ്രദേശമായതിനാല്‍ കല്ലറകള്‍ ഒന്നിന് മുകളില്‍ ഒന്നായ് തട്ടുകളിലായാണ് തീര്‍ത്തിരിക്കുന്നത്. അവയോട് ചേര്‍ന്ന് തന്നെ, മുകളിലേക്കായ് പടികളും പണിതിട്ടിട്ടുണ്ട്...

സിമിത്തേരി കഴിഞ്ഞ് പടികളിറങ്ങി ചെല്ലുന്നത് ഒരു തൂക്കുപാലത്തിലാണ്; പൂര്‍ണ്ണമായും ഇരുമ്പ് കമ്പികളാല്‍ തീര്‍ത്തിരിക്കുന്ന ഈ തൂക്കുപാലത്തിലൂടെയുള്ള നടത്തം ഒരനുഭവം തന്നെയാണ്; നമ്മുടെ നടത്തത്തിനനുസരിച്ച് പാലം മുഴുവനായ് കുലുങ്ങുന്നതും, അപ്പോള്‍ ഇരുപത്, ഇരുപ്പത്തിയഞ്ചടി താഴെയായ് ഒഴുകിക്കൊണ്ടിരിക്കുന്നു പുഴയെ നോക്കി നടക്കുന്നതും അവിസ്മരണീയമായ ഒരനുഭവമായ് തീരും !

ആ തൂക്കുപാലം കഴിഞ്ഞ്, ഒരു മല കയറിയിറങ്ങിയാല്‍ അടുത്ത തൂക്കുപാലം എത്തും. കാഴ്ചയില്‍ ഇത് ആദ്യത്തേതിനെക്കാള്‍ ഭീതിയുണര്‍ത്തും. കാരണം, ഇതിന് രണ്ട് ഘട്ടമുണ്ട്; രണ്ടാമത്തേത് കുത്തിയൊലിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന് മുകളിലൂടെയുമാണ്. ആറേഴ് നീണ്ട കമ്പികളാല്‍ തീര്‍ത്തിട്ടുള്ള പാലത്തിന്‍റെ ബെയ്സിന് മുകളിലായ് ഈ പ്രാവശ്യം മുളകളും, മറ്റ് മര-തടികളും ഇട്ടിട്ടുണ്ട്; അവ ഒരല്‍പ്പം സുരക്ഷിതത്വം തോന്നിപ്പിക്കും.

പിന്നെയും ഒരു മല കയറി ചെല്ലുന്നിടത്ത് ഒരു ചെറിയ വേരു പാലമുണ്ട്. അതിനടിയിലൂടെ പോകേണ്ട നീര്‍ച്ചാലിന്‍റെ അഭാവത്തില്‍ അവിടം ഇപ്പോള്‍‌ ചെറുതും വലുതുമായ കല്ലുകള്‍ മാത്രമാണ് കാണാന്‍ കഴിയുക. ഈ വേരുപാലം കയറിയിറങ്ങി കുത്തനെയുള്ള ഒരു കേറ്റം കയറിച്ചെല്ലുന്നതാണ്; നോങ്ങ്രിയാത്ത് ഗ്രാമം. ഇരുവശവും ചെറു-വീടുകളുള്ള ഈ പാതയിലൂടെയൊരല്‍പ്പം പോയാല്‍ മേഘാലയ ഗവർമൻറ്റിന്‍റെ ഒരു ചെറിയ കൗണ്ടറിന് മുന്‍പിലെത്തും; അതിനടുത്ത് തന്നെയായ് രണ്ട് ചെറിയ കടകളുമുണ്ട്. (ടിര്‍ണ ഗ്രാമം കഴിഞ്ഞാല്‍, പിന്നെയൊരു കടയുള്ളത് ഇവിടെയാണ്‌. അതും ലഘുഭക്ഷണം മാത്രം ലഭിക്കുന്നവ)

UNESCO-യുടെ world heritage സൈറ്റുകളില്‍ പെടുന്ന Double Decker Bridge-ല്‍ പ്രവേശിക്കാന്‍ ആളൊന്നിന് പത്ത് രൂപ നല്‍കേണ്ടതായുണ്ട്. ക്യാമറയ്ക്ക് ഇരുപത് രൂപ വേറെയും. കൂറ്റന്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന നീര്‍ച്ചാല്‍ തീര്‍ക്കുന്നൊരു ചെറിയ വെള്ളച്ചാട്ടവും ഇരുനില പാലത്തിന്‍റെ അടുത്തായുണ്ട്.

Double Decker ബ്രിഡ്ജും പിന്നിട്ട്, അര മണിക്കൂര്‍ കൂടെ പടികള്‍ കയറിയാല്‍ മൗസോ (Mawsaw) റൂട്ട് ബ്രിഡ്ജില്‍ എത്താം; അവിടെ റയിന്‍ബോ ഫാള്‍സ് എന്ന പേരിലൊരു ചെറു വെള്ളച്ചാട്ടവുമുണ്ട്.

വാര്‍-ഖാസി, വാര്‍-ജയ്‌ന്‍റ്റിയ ഗോത്ര വര്‍ഗ്ഗക്കാരുടെ വേരുകള്‍ കൊണ്ടുള്ള വാസ്തുവിദ്യ, വേരുപാലങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. റബ്ബര്‍ വേരുകളാല്‍ ഇവര്‍ കോണിപ്പടികളും, മേടുകളും തീര്‍ക്കുന്നു...

വേരുപാലങ്ങളിലുള്ള പ്രദേശ-വാസികളുടെ അര്‍പ്പണം, ആധുനിക പാലങ്ങളുടെ നിര്‍മ്മിതിയില്‍ നിന്നും അവയെ സംരക്ഷിച്ച് പോരുന്നു. എത്തിപ്പെടല്‍ ദുഷ്ക്കരമാണെന്ന വസ്തുത ചൂഷണങ്ങളെയും ചെറുക്കുന്നു.

Join the conversation
0
Be the first one to comment on this post!
Up
Copyright @Photoblog.com